കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ ബാധിതര്‍ക്കു നൽകിക്കൊണ്ടിരുന്ന സൗജന്യയാത്ര പാസ് വിതരണം മുടങ്ങിയതോടെ രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2025 ഒക്ടോബറിലാണ് കാന്‍സര്‍ ബാധിതരായവര്‍ക്ക് ‘’ഹാപ്പി ലോംഗ് ലൈഫ് ‘’എന്ന പേരില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള ബസുകളില്‍ സൗജന്യയാത്ര ചെയ്യുന്നതിനായി പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ആശുപത്രിയിലെ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നൽകിയാല് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തി സൗജന്യയാത്ര കാര്‍ഡ് നൽകുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കീമോതെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സയ്ക്കായി പോകുന്ന രോഗികള്‍ക്കാണ് ആനുകൂല്യമുണ്ടായിരുന്നത്. ഇത്തരക്കാര്‍ക്ക് ആശുപത്രിയിലേക്കു പോകുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു സൗജന്യമായി ബസില്‍ സഞ്ചരിക്കാന്‍ സാധിക്കുമായിരുന്നു. ആറു മാസമായിരുന്നു പാസിന്റെ കാലാവധി.
നിലവിലുള്ള കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ച് പാസ് പുതുക്കി വാങ്ങണമായിരുന്നു. വീടു മുതല്‍ ഡോക്ടടര്‍ നിര്‍ദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയായിരുന്നു സൗജന്യയാത്ര ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായിട്ടും ജില്ലയില്‍നിന്നുള്ള നിരവധി കാന്‍സര്‍ രോഗികള്‍ പാസ് പുതുക്കാന്‍ അപേക്ഷ നൽകിയിട്ടും പുതുക്കി നൽകാന് നടപടിയുണ്ടായിട്ടില്ല. പദ്ധതി തുടങ്ങിയപ്പോള്‍ 4500 പേര്‍ക്ക് പ്രയോജനം ലഭിച്ചിരുന്നു.
പ്രിയദര്‍ശിനി തുടങ്ങിയതോടെ ഈ പദ്ധതി നിര്‍ത്തുമോയെന്ന ആശങ്കയും ഗുണഭോക്താക്കള്‍ക്കുണ്ട്. അതേസമയം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പാസ് സ്മാര്‍ട്ട് ചിപ്പ് അധിഷ്ഠിത സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ തയാറാക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.